എന്തുകൊണ്ട് ബിറ്റ്‌കോയിൻ വ്യത്യസ്തമാകുന്നു ?
ക്രിപ്റ്റോയിലോട്ട് കടന്നുവരുന്ന പുതുമുഖങ്ങളുടെ ഏറ്റവും വലിയ സംശയമാണ് ബിറ്റ്കോയിൻ (ബിടിസി) പോലുള്ള ഒരു ക്രിപ്റ്റോകറൻസിക്ക് എങ്ങനെ, എന്തുകൊണ്ട് മൂല്യമുണ്ടാകുന്നു എന്ന്. BTC ഡിജിറ്റൽ ആണ്, ഫിസിക്കൽ അല്ല, ഇത്രയും പൈസ കൊടുത്തിട്ടും ഒന്ന് കാണാനോ തൊടാനോ പറ്റുന്നില്ല, ഖനനം അല്ലെങ്കിൽ മൈനിങ് എന്ന ആശയം ഏതൊരാളെയും വളരെ ആശയക്കുഴപ്പത്തിലാക്കുന്നു. ഒരർത്ഥത്തിൽ, മൈനിങ് എന്ന് പറയുന്നത് നേർത്ത വായുവിൽ നിന്ന് പുതിയ ബിറ്റ്കോയിനുകൾ സൃഷ്ടിക്കുന്നു എന്ന് തോന്നാം. പക്ഷെ പ്രായോഗികമായി, വിജയകരമായ മൈനിങ് നടത്തണമെങ്കിൽ വളരെ ചെലവേറിയ നിക്ഷേപം ആവശ്യമാണ്. എന്നിരുന്നാലും ഇതെല്ലാം എങ്ങനെ ബിടിസിയെ ഇത്രയും മൂല്യവത്താക്കും? അതും 25 ലക്ഷം രൂപ അതായത് ഒരു ടൊയോട്ട ഇന്നോവ വാങ്ങാനുള്ള അത്രയും പൈസ.ബിറ്കോയിനെ കുറിച്ചു പറയുന്നതിന് മുന്നേ നാമെല്ലാവരും ഇന്ന് ദിവസവും ഉപയോഗിക്കുന്ന പണത്തെക്കുറിച്ച് ചിന്തിക്കുക. നമ്മളുപയോഗിക്കുന്ന നോട്ടുകൾക്ക് അല്ലെങ്കിൽ ബാങ്കിൽ ഉണ്ട് എന്ന് പറയുന്ന പൈസക്ക് ബാക്കപ്പ് ആയിട്ട് സ്വർണ്ണമോ മറ്റു ആസ്തികളോ ഇന്ന് ഇല്ല. ഫ്രാക്ഷണൽ റിസർവ് ബാങ്കിങ് ആണിപ്പോൾ ഉള്ളത്, നമ്മുടെ ബാങ്കിലുണ്ട് എന്ന് പറയുന്ന പണം ശെരിക്കും ബിറ്കോയിൻ പോലെ വെറും അക്കങ്ങൾ ആയിട്ട് മാത്രമേ നില്കുന്നുള്ളു. അതുകൊണ്ട് തന്നെ ഗവൺമെന്റുകൾക്കും റിസർവ് ബാങ്ക് പോലുള്ള കേന്ദ്ര ബാങ്കുകൾക്കും പുതിയ പണം സൃഷ്ടിക്കാനും നിലവിൽ ഉള്ള പണത്തിൽ മാറ്റങ്ങൾ വരുത്തനും സാമ്പത്തിക സംവിധാനങ്ങളിലൂടെ വളരെ അനായാസം സാധിക്കുന്നു.
വ്യത്യാസങ്ങൾ പലതുണ്ടെങ്കിലും പണത്തിന്റെ ഡിജിറ്റൽ രൂപമെന്ന നിലയിൽ ബിടിസി, നാമെല്ലാവരും ഉപയോഗിക്കുന്ന ഫിയറ്റ് പണവുമായി ചില സാമ്യതകൾ പങ്കിടുന്നു. അതിനാൽ, ക്രിപ്‌റ്റോകറൻസി ഇക്കോസിസ്റ്റത്തിലേക്ക് കടക്കുന്നതിന് മുമ്പ് ഫിയറ്റ് പണത്തിന്റെ മൂല്യം എങ്ങനെ ഉണ്ടാവുന്നു എന്ന് ആദ്യം ചർച്ചചെയ്യാം.
ഒറ്റവാക്കിൽ പറഞ്ഞാൽ, പണത്തിന് മൂല്യം നൽകുന്നത് വിശ്വാസമാണ്. അടിസ്ഥാനപരമായി, Value കൈമാറ്റം ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണമാണ് പണം. ചരക്കുകൾക്കും സേവനങ്ങൾക്കുമുള്ള പേയ്‌മെന്റായി പ്രാദേശിക സമൂഹം അംഗീകരിക്കുന്നിടത്തോളം കാലം ഏത് വസ്‌തുവും പണമായി ഉപയോഗിക്കാം. വർഷങ്ങൾ പിറകോട്ടെടുക്കുകയാണെങ്കിൽ ആദ്യ നാളുകളിൽ, എല്ലാത്തരം വസ്തുക്കളും പണമായി ഉപയോഗിച്ചിരുന്നു - പാറകൾ മുതൽ പല ലോഹങ്ങൾ വരെ.
ഫിയറ്റ് മണി എന്ന് പറഞ്ഞാൽ ഒരു സർക്കാർ ഇഷ്യു ചെയ്ത് ഔദ്യോഗികമാക്കിയ ഒരു പണമാണ്. ഇന്ന് നമ്മുടെ ബാങ്ക് അക്കൗണ്ടുകളിൽ ഉള്ള ഡിജിറ്റൽ മണി, പേപ്പർ നോട്ടുകൾ, നാണയങ്ങൾ എന്നിവ ഉപയോഗിച്ചുകൊണ്ട് നമ്മൾ എല്ലാവരും മൂല്യം കൈമാറ്റം ചെയ്യുന്നു.
മുൻകാലങ്ങളിൽ, നമ്മുടെ കയ്യിൽ ഉള്ള പണം സ്വർണ്ണത്തിനോ മറ്റ് വിലയേറിയ ലോഹങ്ങൾക്കോ കൈമാറ്റം ചെയ്യാൻ ബാങ്കിൽ പോകമായിരുന്നു. അതായത് യുഎസ് ഡോളർ പോലുള്ള കറൻസികളുടെ മൂല്യം സ്വർണ്ണത്തിന് തുല്യമായ തുകയുമായി ബന്ധിപ്പിച്ചിട്ടുണ്ടായിരുന്നു. നോട്ടുമായി പോയാൽ അതിനു തത്തുല്യമായ സ്വർണം ലഭിക്കുമായിരുന്നു. പക്ഷെ, Gold സ്റ്റാൻഡേർഡ് 1972 ൽ മുഴുവനായും എടുത്തു കളയുകയാണുണ്ടായത്. അതുവരെ ഡോളർ കയ്യിൽ ഉള്ള രാജ്യങ്ങൾ അവർക്ക് വേണേൽ ഡോളർ അമേരിക്കക്ക് കൊടുത്താൽ തിരിച്ചു സ്വർണം ലഭിക്കുമായിരുന്നു ഇപ്പൊ അങ്ങനെ അല്ല.
ഒരു കറൻസിയുടെ സ്വർണ്ണവുമായുള്ള ബന്ധം നീക്കം ചെയ്തതിനുശേഷം, നമ്മൾ ഇപ്പോൾ ഫിയറ്റ് പണം ആണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ഇപ്പോൾ കേന്ദ്ര ബാങ്കുകൾക്ക് പണം ഉണ്ടാകണം എങ്കിൽ അല്ലെങ്കിൽ പണത്തിന്റെ അളവ് വർധിപ്പിക്കുന്നതിനും കുറക്കുന്നതിനും പുതിയ സാമ്പത്തിക നയങ്ങളിലൂടെ കാര്യങ്ങൾ വളരെ എളുപ്പമായി.
-കേന്ദ്ര അതോറിറ്റിയോ സർക്കാരോ ഉണ്ടാക്കുന്നതാണ് ഫിയറ്റ് കറൻസി.
-ഇതിന് അന്തർലീനമായ ഒരു വാല്യൂ ഇല്ല. സ്വർണ്ണമോ മറ്റേതെങ്കിലും മൂല്യമുള്ള ഒന്നും പിന്തുണയ്ക്കുന്നില്ല.
-Unlimited സപ്ലൈ, എത്രവേണേലും അടിച്ചിറക്കാൻ സാധിക്കും.
അപ്പോൾ ഫിയറ്റിന് മൂല്യമുള്ളത് എന്തുകൊണ്ടാണ്?
Gold സ്റ്റാൻഡേർഡ് നീക്കം ചെയ്തതിനു ശേഷം നമ്മുടെ കയ്യിൽ ഉള്ളത് ഒരു വാല്യൂ ഇല്ലാത്ത ഒരു കറന്സിയാണെന്നു വേണേൽ പറയാം. എന്നിരുന്നാലും ഇപ്പോഴും നമ്മൾ ഇതേ പണം നമ്മുടെ ദൈനംദിന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു കാരണം ഈ പണത്തിന്റെ മൂല്യം ഉണ്ടാവുന്നത് ഒരു വിശ്വാസത്തിന്റെ പുറത്തതാണ് അത് ഉണ്ടക്കുന്ന ഗവണ്മെന്റിനു മീതെ ഉള്ള വിശ്വാസം. എത്രമാത്രം വിശ്വാസം ആളുകൾ ഒരു ഗവണ്മെന്റിനു അർപ്പിക്കുന്നോ അത്രയും വാല്യൂ ഉണ്ടെന്ന് വേണേൽ പറയാം, അതില്ലാതാവുമ്പോഴാണ് സിംബാബ്‌വെ, വെനിസുവേല അങ്ങനെ പല രാജ്യങ്ങളിലെയും കറൻസികൾ അഭിമുകീകരിക്കുന്ന hyperinflation എന്നൊരു അവസ്ഥയിലേക്കെത്തുന്നത്. ഒരു രാജ്യത്തിൻറെ കറൻസിയുടെ മൂല്യം ആഹ് രാജ്യത്തെ ഗവണ്മെന്റിന്റെ കാര്യക്ഷമതയെ അപേക്ഷിച്ചിരിക്കും എന്ന് വേണേലും പറയാം.
PAXG പോലുള്ള ചില ക്രിപ്റ്റോകൾ സ്വർണം പോലുള്ള കമ്മോഡിറ്റിയുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിലും, ബിറ്കോയിനുൾപ്പടെ മിക്ക ക്രിപ്റ്റോകറൻസികൾക്കും അടിസ്ഥാനാമായി അല്ലെങ്കിൽ ഒന്നുമായും ബന്ധിപ്പിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇവിടെയും ഒരു ക്രിപ്‌റ്റോകറൻസിയുടെ മൂല്യത്തിൽ വിശ്വാസം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഉദാഹരണത്തിന്, ആളുകൾ ബിറ്റ്കോയിനിൽ നിക്ഷേപിക്കുന്നതിൽ മൂല്യം കാണുന്നു, മറ്റുള്ള ചിലർ ബിറ്റ്കോയിനെ വിശ്വസിക്കുകയും ബിടിസിയെ ഒരു പേയ്‌മെന്റ് സംവിധാനമായും കൈമാറ്റ മാധ്യമമായും അംഗീകരിക്കുകയും ചെയ്യുന്നു.
ചില ക്രിപ്‌റ്റോകറൻസികൾക്ക്, യൂട്ടിലിറ്റിയും ഒരു പ്രധാന ഘടകമാണ്. ചില സേവനങ്ങളോ പ്ലാറ്റ്ഫോമുകളോ ആക്സസ് ചെയ്യുന്നതിന്, നിങ്ങൾ ഒരു യൂട്ടിലിറ്റി ടോക്കൺ ഉപയോഗിക്കേണ്ടതുണ്ട് ഉദാ എത്തെറിയാം, BNB etc. അതിനാൽ ഡിമാൻഡുള്ള ഒരു പ്ലാറ്ഫോം, സേവനം അതിന്റെ യൂട്ടിലിറ്റി ടോക്കണിന് മൂല്യം നൽകുന്നു. എല്ലാ ക്രിപ്‌റ്റോകറൻസികളും ഒരുപോലെയല്ല, അതിനാൽ അവയുടെ മൂല്യം ഓരോ നാണയം, ടോക്കൺ അല്ലെങ്കിൽ പ്രോജക്റ്റ് എന്നിവയുടെ സവിശേഷതകളെ ആശ്രയിച്ചിരിക്കുന്നു.
ഇനി ബിറ്റ്കോയിനിലേക്ക് വരാം, പ്രധാനമായും ബിറ്റികോയിന് മൂല്യം നൽകുന്നതിൽ പ്രധാന പങ്ക് ഈ അഞ്ചു സവിശേഷതകളാണ്
1. യൂട്ടിലിറ്റി
2. വികേന്ദ്രീകരണം
3. വിശ്വാസം
4. ക്ഷാമം
5. സുരക്ഷ.
ബിറ്കോയിനിന്റെ വാല്യൂ എന്നുള്ള വിഷയം എന്നുള്ളത് പലർക്കും പല കാഴ്ചപ്പാടുകളായിരിക്കാം അതുകൊണ്ട് തന്നെ ഇതൊരു സബ്ജെക്റ്റീവ് ആയ വിഷയമാണ് ഇത് തന്നെയാണ് ശെരി അല്ലെങ്കിൽ ഇത് തെറ്റാണു എന്ന് വാതിക്കൽ ഒരേ സമയം പ്രയാസമാണ്. എന്നിരുന്നാലും മുകളിൽ പറഞ്ഞ ചില സവിശേഷതകൾ ഓരോന്നോയി നമുക്ക് നോക്കാം.
ഇടനിലക്കാരുടെ ആവശ്യമില്ലാതെ ലോകമെമ്പാടുമുള്ള ആരുമായും വലിയ അളവിൽ മൂല്യം വേഗത്തിൽ കൈമാറാനുള്ള കഴിവാണ് ബിറ്റ്കോയിന്റെ പ്രധാന നേട്ടങ്ങളിലൊന്നാണ്. ഫീസ് കാരണം ഒരു ചെറിയ തുക ബിടിസി അയയ്‌ക്കുന്നത് താരതമ്യേന ചെലവേറിയതാണെങ്കിലും, ദശലക്ഷക്കണക്കിന് ഡോളർ വിലകുറഞ്ഞ രീതിയിൽ അയയ്‌ക്കാൻ കഴിയും.
താഴെ കാണുന്ന ഒരു ഇടപാട് നോക്കുക, 2020 ഏപ്രിൽ 10 തിയതി നടന്ന ഒരു ഇടപാടാണിത് 536 കോടി അഥവാ 5.3 ബില്യൺ ഡോളർ വരുന്ന ഇത്രയും വലിയൊരു ഇടപാട് നടത്താന് അകെ ചിലവായ ഫീസ് എന്ന് പറയുന്നത് വെറും 3.33$ മാത്രമാണ്.
ഇത് സാധ്യമാക്കുന്ന ഒരേയൊരു നെറ്റ്‌വർക്ക് ബിറ്റ്കോയിൻ അല്ലെങ്കിലും, നിലവിൽ ഏറ്റവും വലുതും സുരക്ഷിതവും ജനപ്രിയവുമായ നെറ്റ്‌വർക്ക് ബിട്കോയിനാണ്. ലെയർ ടു ആപ്ലിക്കേഷനുപയോഗിച്ചു ചെറിയ ഇടപാടുകൾ ലൈറ്റനിംഗ് നെറ്റ്‌വർക്ക്ക്കിൽ സാധ്യമായി വരുന്നു. അതുകൊണ്ട് തന്നെ തുക എത്ര വലുതായാലും അതിർത്തിയില്ലാത്ത ഇടപാടുകൾ നടത്താൻ കഴിയുന്നത് തീർച്ചയായും എടുത്ത് പറയേണ്ട ഒന്നാണ്.
ക്രിപ്‌റ്റോകറൻസികളുടെ പ്രധാന സവിശേഷതകളിലൊന്നാണ് വികേന്ദ്രീകരണം. കേന്ദ്ര അധികാരികളെ അല്ലെങ്കിൽ ഇടനിലക്കാരെ മുഴുവനായും ഓഴിവാക്കുന്നതിലൂടെ, ഉപഭോക്താക്കൾക്ക് ബ്ലോക്ക്ചെയിൻ സാകേതികവിദ്യ കൂടുതൽ ശക്തിയും സ്വാതന്ത്ര്യവും ഒപ്പം സുരക്ഷിതത്വവും നൽകുന്നു. ഓപ്പൺ സോഴ്‌സ് സ്വഭാവം ആയതിനാൽ ആർക്കും ബിറ്റ്‌കോയിൻ നെറ്റ്‌വർക്ക് മെച്ചപ്പെടുത്താൻ സഹായിക്കാനാകും.
ക്രിപ്‌റ്റോകറൻസിയുടെ Monetory Policy പോലും വികേന്ദ്രീകൃതമായ രീതിയിൽ പ്രവർത്തിക്കുന്നു. ഉദാഹരണത്തിന്, മൈനേഴ്‌സ് ഓരോ ഇടപാടുകൾ വാലിഡേറ്റ് ചെയ്യുകയും അതെല്ലാം ബ്ലോക്ക് ചെയിനിൽ കൂട്ടിച്ചേർക്കുമ്പോഴാണ് പുതിയ ബിറ്കോയിനുകൾ ഉണ്ടാവുന്നത് ഇതിൽ ആര്കുവേണേലും പങ്കാളികളാവാം എവിടെ നിന്നുവേണേലും. എന്നിരുന്നാലും പുതിയ ബിറ്റ്കോയിനുകൾ പ്രവചനാതീതവും സ്ഥിരവുമായ ഒരു നിരക്കിൽ ആണ് മാർക്കറ്റിലോട്ട് വരുന്നതെന്ന് ഉറപ്പു വരുത്തുന്നു. അതുപോലെ ആർകെങ്കിലും ഇതിൽ മാറ്റം വരുത്തനും അനുവദിക്കുന്നില്ല.
വികേന്ദ്രീകരണം ഇതിന് വളരെ ശക്തവും സുരക്ഷിതവുമായ ഒരു സിസ്റ്റം നൽകുന്നു. എല്ലാവർക്കുമായി തീരുമാനമെടുക്കാൻ നെറ്റ്‌വർക്കിലെ ഏതെങ്കിലും ഒരൊറ്റ നോഡിനു ഒരിക്കലും കഴിയില്ല. പ്രോട്ടോക്കോലിലുണ്ടാവുന്ന ഏതൊരു ചെറിയ അപ്‌ഡേറ്റുകളും എല്ലാം നോഡുകളുടെയും ഭൂരിപക്ഷം ആവശ്യമാണ്, തെറ്റായ മാനേജുമെന്റിൽ നിന്നും ദുരുപയോഗത്തിൽ നിന്നും ബിറ്റ്കോയിനെ ഈയൊരു സവിശേഷത പ്രൊട്ടക്ട് ചെയ്യുന്നു.
ബിറ്റ്കോയിന്റെ വികേന്ദ്രീകരണം ഈയൊരു നെറ്റ്‌വർക്ക് സുരക്ഷിതമാക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നു, പക്ഷേ ഇനിയും സുരക്ഷിതത്വം ആവശ്യമാണ് കാരണം വലിയ വികേന്ദ്രീകൃത നെറ്റ്‌വർക്കിൽ ഉപയോക്താക്കളുമായി എല്ലാവരും എല്ലായ്പ്പോഴും സഹകരിക്കുക എന്നത് ഒരു വെല്ലുവിളിയാണ്. ഉദാഹരണത്തിന് ആര്കുവേണേലും ട്രാന്സാക്ഷന്സ് ബ്ലോക്കിൽ കൂട്ടിച്ചേർക്കാം അതിനു പ്രതിഫലമായി ബിറ്കോയിന് നേടാനാവും അതുകൊണ്ട് തന്നെ പലരും കള്ളത്തരങ്ങളും കാണിക്കാൻ സാദ്ധ്യതകൾ കൂടുതൽ ആണ്. ഈ പ്രശ്‌നം പരിഹരിക്കുന്നതിന്, സതോഷി നകാമോട്ടോ പ്രൂഫ് ഓഫ് വർക്ക് കൺസൻസസ് സംവിധാനം നടപ്പിലാക്കി അതായത് പണിയെടുക്കുന്നവന് മാത്രം കൂലി. ഓരോ ബ്ലോക്കും കൂട്ടിച്ചേർത്തതിന് പുറകിൽ കൃത്യമായി ഒരു അധ്വാനം വേണം എന്ന് ഇത് ഉറപ്പ് വരുത്തുന്നു.
കൂട്ടിച്ചേർക്കുന്ന ഓരോ ബ്ലോക്കും മറ്റുള്ളവർ വെറുമൊരു വിശ്വാസത്തിന്റെ പുറത്തു അംഗീകരിക്കുന്നതിന് പകരം ആർക്കും സ്വയം പരിശോധിക്കാൻ കഴിയുന്ന സുതാര്യമായ സംവിധാനമാണ് പ്രൂഫ് ഓഫ് വർക്ക്.
21,000,000 ബിടിസിയുടെ സപ്ലൈ ആണ് അതായത് 2140 ഓടെ ബിറ്റ്കോയിൻ മൈനെർസ് അവസാനത്തെ ബിറ്കോയിന് മൈൻ ചെയ്ത് കഴിഞ്ഞാൽ പിന്നെ ഒരെണ്ണം പോലും വീണ്ടും ഉണ്ടാകാൻ കഴിയില്ല അതുപോലെ ഇതിൽ കുറക്കാനും കഴിയില്ല. പരമ്പരാഗത കമ്മോഡിറ്റികൾ ആയ സ്വർണം, വെള്ളി, എണ്ണ എന്നിവ പരിമിതമാണെങ്കിലും, എല്ലാ വർഷവും പുതിയ ശേഖരം പല രാജ്യങ്ങളിലായി കണ്ടെത്തുന്നു. ഈ കണ്ടെത്തലുകൾ അവയുടെ കൃത്യമായ ദൗർലഭ്യം കണക്കാക്കുന്നത് പ്രയാസകരമാക്കുകയും ചെയ്യുന്നു.
എല്ലാ ബിടിസിയും മൈൻ ചെയ്‌തുകഴിഞ്ഞാൽ, ബിറ്റ്കോയിൻ theoritically Deflationory ആയിരിക്കും. കാരണം പലരും നാണയങ്ങൾ നഷ്ടപെടുന്നതുമൂലം സപ്ലൈ കുറയുകയും വില വർദ്ധനവിന് കാരണമാവുകയും ചെയ്യും. ഇക്കാരണത്താൽ, ബിറ്റ്കോയിൻ കയ്യിൽ വെക്കുന്നതിൽ പലരും മൂല്യം കാണുന്നു.
നിങ്ങൾ നിക്ഷേപിച്ച ഫണ്ടുകൾ ബിറ്കോയിനിൽ സുരക്ഷിതമായി സൂക്ഷിക്കുന്നതിന്, ബിറ്റ്കോയിനിന്റെ അത്രയും സുരക്ഷ നൽകുന്ന വേറെ ഓപ്ഷനുകൾ ഇല്ല എന്നുവേണെൽ നിസ്സംശയം പറയാം.ശരിയായ രീതികൾ പിന്തുടരുകയാണെങ്കിൽ, നിങ്ങളുടെ ഫണ്ടുകൾ വളരെ സുരക്ഷിതമാണ്.വികസിത രാജ്യങ്ങളിൽ പോലും, ബാങ്കുകൾ നൽകുന്ന സുരക്ഷ പലപ്പോഴും ഹാക്ക് ചെയ്യപ്പെടുന്നു. ഡിജിറ്റൽ ലോകത്ത് സുരക്ഷാ ഒരു പ്രധാന വിഷയമാണ്, ഡിജിറ്റൽ ആയല്ല എങ്കിലും വലിയ അളവിൽ പണം കൈവശം വയ്ക്കുന്നത് വളരെ അപകടകരമാണ്.ബിറ്റ്കോയിൻ ശൃംഖലയിലേക്കുള്ള ഒരു ആക്രമണത്തിന് നിലവിലെ മൈനിങ് പവർ ന്റെ 51% ത്തിലധികം ഉടമസ്ഥാവകാശം ആവശ്യമാണ്, ഈ തോതിലുള്ള ഏകോപനവും തുടർന്നുള്ള അറ്റാക്കിനും സാധ്യത വളരെ കുറവാണു.ബിടിസി സൂക്ഷിക്കുന്നതിലുള്ള യഥാർത്ഥ ഭീഷണികൾ ശെരിക്കും ഇവയാണ്:- തട്ടിപ്പ്, ഫിഷിംഗ് ആക്രമണങ്ങൾ- നിങ്ങളുടെ സ്വകാര്യ കീ നഷ്‌ടപ്പെടൽ- ബിറ്ക്കോയിൻ വേറൊരാളുടെ അല്ലെങ്കിൽ വിശ്വസിക്കാനാവാത്ത സ്ഥലത്ത് സൂക്ഷിക്കൽ (ഉദാ എക്സ്ചേഞ്ചുകൾ)
6-ബിറ്റ്കോയിൻ ഒരു Store of Value.
ഇതുവരെ വിവരിച്ച മിക്ക സ്വഭാവസവിശേഷതകളും ബിറ്റ്കോയിനെ മികച്ച ഒരു സ്റ്റോർ ഓഫ് വാല്യൂ ആക്കുന്നു. വിലയേറിയ ലോഹങ്ങൾ, യുഎസ് ഡോളർ, സർക്കാർ ബോണ്ടുകൾ എന്നിവ കൂടുതൽ പരമ്പരാഗത ഓപ്ഷനുകളാണ്, എന്നാൽ ബിറ്റ്കോയിൻ ഇവയ്ക്കുള്ള അല്ലെങ്കിൽ ഇവയെക്കാൾ മികച്ച ഒരു ആധുനിക ബദൽ ആവുന്നു, ഏതെങ്കിലും ഒന്ന് ഒരു സ്റ്റോർ ഓഫ് വാല്യൂ ആയികാണണം എങ്കിൽ താഴെ കാണുന്ന സവിശേഷതകൾ നിര്ബന്ധമാണ്
7- DURABILITY
ലോകമെമ്പാടുമുള്ള കംപ്യൂട്ടറുകൾ പരിപാലിക്കുന്ന ഒരു നെറ്റ്‌വർക്ക് ആണ് ബിറ്കോയിന് അത്രയും കാലം ബിറ്കോയിൻ ഡ്യൂറബിൾ ആണ്. ഫിസിക്കൽ പണം പോലെ ബിടിസിയെ നശിപ്പിക്കാനോ കേടുവരുകയോ ചെയ്യുന്നിലല്ല, വാസ്തവത്തിൽ ഇത് ഫിയറ്റ് കറൻസികളേക്കാളും വിലയേറിയ ലോഹങ്ങളേക്കാളും ഡ്യൂറബിൾ ആണെന്ന് വേണേൽ പറയാം.
8-പോർട്ടബിലിറ്റി
ഒരു ഡിജിറ്റൽ കറൻസി എന്ന നിലയിൽ, ബിറ്റ്കോയിൻ അവിശ്വസനീയമാംവിധം പോർട്ടബിൾ ആണ്. നിങ്ങൾക്ക് ആവശ്യമുള്ളത് ഒരു ഇന്റർനെറ്റ് കണക്ഷനും നിങ്ങളുടെ ബിടിസി ഹോൾഡിംഗുകൾ എവിടെ നിന്നും ആക്‌സസ് ചെയ്യുന്നതിന് നിങ്ങളുടെ കയ്യിലുള്ള പ്രൈവറ്റ് കീയും മാത്രമാണ്.
9-വിഭജനം
ഓരോ ബിടിസിയും 100,000,000 സതോഷികളായി വിഭജിക്കപ്പെടുന്നു, ഇത് എല്ലാ വലുപ്പത്തിലുമുള്ള ഇടപാടുകൾ നടത്താൻ ഉപയോക്താക്കളെ അനുവദിക്കുന്നു.
10-ഫൺജിബിലിറ്റി
ഓരോ ബിടിസിയോ സതോഷിയോ മറ്റൊന്നുമായി പരസ്പരം മാറ്റാവുന്നതാണ്. ആഗോളതലത്തിൽ മറ്റുള്ളവരുമായി മൂല്യ കൈമാറ്റമായി ക്രിപ്‌റ്റോകറൻസി ഉപയോഗിക്കാൻ ഈ സവിശേഷത സഹായിക്കുന്നു.
11-ക്ഷാമം
21,000,000 ബിടിസി മാത്രമേ നിലനിൽക്കൂ, ദശലക്ഷക്കണക്കിന് ഇതിനകം എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. പണപ്പെരുപ്പം ഉള്ള ഫിയറ്റ് കറൻസികളേക്കാൾ വളരെ പരിമിതമാണ് ബിറ്റ്കോയിന്റെ വിതരണം, അവിടെ കാലക്രമേണ സപ്ലൈ കൂടുകയും മൂല്യം നഷ്ടപ്പെടുകയും ചെയ്യുന്നു.
12-സ്വീകാര്യത
വ്യക്തികൾക്കും കമ്പനികൾക്കുമുള്ള പേയ്‌മെന്റ് രീതിയായി ബിടിസിയെ വ്യാപകമായി സ്വീകരിച്ചിരിക്കുന്നു പലരാജ്യങ്ങളും ബിടിസി ഔദ്യോഗിക കറന്സി ആയി പ്രഖ്യാപിക്കാൻ ഒരുങ്ങുന്നു, മാത്രമല്ല ബ്ലോക്ക്‌ചെയിൻ വ്യവസായം അനുദിനം വളരുകയാണ്.
എന്തുകൊണ്ടാണ് ബിറ്റ്കോയിന് മൂല്യമുള്ളത് എന്നതിന് വ്യക്തമായ അല്ലെങ്കിൽ കൃത്യമായ ഒരു ഉത്തരമില്ല. വിലയേറിയ ലോഹങ്ങളും മൂല്യമുള്ള നിരവധി ആസ്തികളുടെ പ്രധാന വശങ്ങൾ ബിറ്റ്കോയിനുണ്ട് ഉണ്ട്, പക്ഷേ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്നവിധം ഒരു വിഭാഗത്തിൽ ഉൾപെടുത്താൻ കഴിയില്ല. ഒരേ സമയം ഗവൺമെന്റിന്റെ പിന്തുണയില്ലാതെ പണം പോലെ പ്രവർത്തിക്കുന്ന ഒരു ഡിജിറ്റൽ കറന്സിയാവാനും ക്ഷാമമുള്ള ഒരു കമ്മോഡിറ്റി അവനും ബിറ്റ്കോയിന് സാധിക്കുന്നു.
Credit-സുബൈർ

Comments
Post a Comment